Thursday, 17 November 2011

ആധാർ

ഇന്ത്യയില്‍ സ്ഥിര താമസക്കാരായ എല്ലാവര്‍ക്കും, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ, സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ നല്‍കുന്ന നമ്പറാണ് ആധാര്‍. രാജ്യത്തെ പൗരന്മാരെ ഓരോ നമ്പരിലൂടെ തിരിച്ചറിയുക എന്നതാണ് ആധാറിന്റെ ലക്ഷ്യം.
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തിനാണ് ആധാര്‍ നമ്പര്‍ നല്‍കുന്നതിനുള്ള ചുമതല.
ബൃഹത്തായ ഈ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. കേരളത്തില്‍ പദ്ധതി രണ്ടാം ഘട്ടത്തിലേയ്ക്കു കടന്നു.  അടുത്ത വര്‍ഷം മാര്‍ച്ചോടെ സംസ്ഥാനത്ത് മുഴുവന്‍ പേര്‍ക്കും ആധാര്‍ നമ്പര്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൃത്രിമം സാധിക്കാത്തവിധം അതി സൂക്ഷ്മവും എന്നാല്‍ സങ്കീര്‍ണമല്ലാത്തതുമായ പ്രക്രിയയിലൂടെയാണ് ആധാര്‍ നമ്പര്‍ നല്‍കുന്നത്. ഒരു നമ്പര്‍ ഒരാള്‍ക്കു മാത്രമേ ഉണ്ടാകൂ. നമ്പറിനൊപ്പം ആളുടെ പ്രാഥമിക വിവരങ്ങള്‍, വിരലടയാളം, കണ്ണുകളുടെ ചിത്രം, ഫോട്ടോ എന്നീ വിവരങ്ങളും ആധാറില്‍ രേഖപ്പെടുത്തും.

കണ്ണിന്റെ ചിത്രത്തില്‍ കൃഷ്ണമണിയുടെ ചുറ്റുമുള്ള വളയം ഒരോരുത്തര്‍ക്കും വ്യത്യസ്ഥമായതിനാല്‍ ഇതില്‍ കൃത്രിമം സാധിക്കില്ലെന്നതാണ് ആധാറിന്റെ സവിശേഷത. സര്‍ക്കാരിന്റെ സഹായങ്ങളും സബ്‌സിഡിയും മറ്റും ആര്‍ക്കൊക്കെയാണ് നല്‍കേണ്ടതെന്നു കണ്ടെത്താനാകും ആധാര്‍ ആദ്യ ഘട്ടത്തില്‍ ഉയോഗിക്കുക. ക്രമേണ ബാങ്ക് അക്കൗണ്ടും ഇതരസാമ്പത്തിക ഇടപാടുകളും എന്തിന് ആരോഗ്യ വിവരങ്ങള്‍ വരെ നമ്പറിനോടൊപ്പമുളള ഡാറ്റാ ബാങ്കില്‍ ചേര്‍ക്കാനാകും. അതോടെ പൗരനെന്ന നിലയിലുള്ള ആധാര രേഖയായി ആധാര്‍ മാറും.
വ്യക്തിയുടെ പേര്, ജനനത്തീയതി, മേല്‍വിലാസം, എന്നിങ്ങനെ എട്ട് അടിസ്ഥാന വിവരങ്ങളാണ് ആധാറിന്റെ ഡാറ്റാ ബാങ്കിലേയ്ക്ക് നല്‍കുന്നത്. ഇതിനു പുറമേ വിദ്യാഭ്യാസ യോഗ്യത, പാസ്‌പോര്‍ട്ട് നമ്പര്‍, ഗ്യാസ് കണക്ഷന്‍ തുടങ്ങി പതിനഞ്ചോളം വിവരങ്ങള്‍ വേറെ ശേഖരിക്കുന്നുമുണ്ട്. ഓരോരുത്തരുടെയും പത്തു വിരലടയാളങ്ങളും കൃഷ്ണമണിയും ചിതവുമെടുക്കുന്നു.
അക്ഷയ കേന്ദ്രം, ഐടി@സ്‌കൂള്‍, പോസ്റ്റല്‍ വകുപ്പ്, ബാങ്കുകള്‍, നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്, എല്‍ഐസി എന്നീല്‍ സ്ഥാപനങ്ങള്‍ വഴി വിവരശേഖരണം നടത്തും. വിവരശേഖരണം നടത്തുന്ന സ്ഥല സമയ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും. അവിടെയെത്തി വിവരങ്ങള്‍ നല്‍കണം. വിവരശേഖരണം നടത്തി 60-90 ദിവസത്തിനകം നമ്പര്‍ ലഭിക്കും.
സ്വന്തം പേരും ഫോട്ടോയും ഉള്ള റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ ഐഡി കാര്‍ഡും കുട്ടിയുടെ പേരുള്ള റേഷന്‍ കാര്‍ഡും രേഖകളായി സ്വീകരിക്കും. ഈ തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാകാതെ വന്നാല്‍ എംപി- എംഎല്‍എ- ഗസറ്റഡ് ഓഫിസര്‍മാര്‍ നല്‍കുന്ന ഫോട്ടോയും മേല്‍വിലാസവും വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

No comments:

Post a Comment