വിവരം ലഭിക്കാനുള്ള നടപടിക്രമങ്ങൾ
- വിവരാർത്ഥി, അതാതു പൊതുസ്ഥാപനത്തിലെ,കേന്ദ്രവിവരാധികാരിക്കോ, സംസ്ഥാനവിവരാധികാരിക്കോ, അല്ലെങ്കിൽ കേന്ദ്രസഹവിവരാധികാരിക്കോ, സംസ്ഥാനസഹവിവരാധികാരിക്കോ,ആവശ്യപ്പെടുന്ന വിവരങ്ങൾ കാണിച്ചുകൊണ്ട് അപേക്ഷ എഴുതിയോ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയോ നല്കണം.വിവരം ആവശ്യപ്പെടുന്നത് എന്തിനാണെന്നോ, വിവരാർത്ഥിയെ സമ്പർക്കം ചെയ്യുന്നതിനാവശ്യമായത് ഒഴിച്ച് , മറ്റെന്തെങ്കിലും വ്യക്തിഗത വിവരങ്ങളൊ നല്കേണ്ടതില്ല. അപേക്ഷ എഴുതിനല്കാൻ കഴിയില്ലെങ്കിൽ, വാക്കാലാവശ്യപ്പെട്ടാൽ അപേക്ഷ എഴുതിനല്കുന്നതിന് അപേക്ഷകനെ പൊതുവിവരാധികാരി സഹായിക്കണം.അപേക്ഷയോടൊപ്പം നിശ്ചിത ഫീസു നല്കണം. ദാരിദ്ര്യരേഖക്കു താഴെയുള്ളവറർ ഫീസ് നല്കേണ്ടതില്ല.
- അപേക്ഷ ലഭിച്ചാൽ വിവരാധികാരി എത്രയും വേഗം (പരമാവധി മുപ്പതുദിവസത്തിനുള്ളിൽ) അപേക്ഷകന് വിവരം നല്കുകയോ, അപേക്ഷ നിരസിക്കുകയോ ചെയ്യണം.വ്യക്തിസ്വാതന്ത്ര്യത്തേയോ ജീവനേയോ സംബന്ധിക്കുന്ന വിവരങ്ങൾ ആവശ്യപ്പെട്ടാൽ, 48 മണിക്കൂറിനുള്ളിൽ ഈ വിവരം നല്കണം.ഈ സമയപരിധിക്കുള്ളിൽ വിവരം നല്കിയില്ലെങ്കിൽ, അത് അപേക്ഷ നിരസിച്ചതായി കണക്കാക്കപ്പെടും.മറ്റൊരു വിവരാധികാരിയുടെ അധീനതയിലുള്ള വിവരങ്ങളാണ്, ആവശ്യപ്പെട്ടിരിക്കുന്നതെങ്കിൽ, ആ അപേക്ഷ എത്രയും വേഗം (പരമാവധി അഞ്ചുദിവസത്തിനുള്ളിൽ) ആ വിവരാധികാരിക്കു കൈമാറണം.ആ വിവരം അപേക്ഷകനെ അറിയിക്കണം.
- അപേക്ഷക/ൻ ഇന്ദ്രിയ വൈകല്യമുള്ള വ്യക്തിയാണെങ്കിൽ ആ വ്യക്തിക്ക് വിവരം പ്രാപ്യമാക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർമാർ ബാദ്ധ്യസ്ഥരാണ്.
- സാധാരണ ഗതിയിൽ, പൊതുസ്ഥാപനത്തിന്റെ സമ്പത്ത്, ക്രമരഹിതമായി ചെലവാകില്ലെങ്കിലോ, രേഖയുടെ സംരക്ഷണത്തെ ബാധിക്കുന്നില്ലെങ്കിലോ, വിവരം ആവശ്യപ്പെട്ട മാധ്യമത്തിൽ നൽകണം.
- അച്ചടിച്ചതോ, ഇലക്ട്റോണിക് മാധ്യമങ്ങളിലോ വിവരങ്ങൾ നൽകുന്നതിന്, നിശ്ചിത ചെലവ് വിവരാർത്ഥിയിൽനിന്ന് ഈടാക്കുന്നുണ്ടെങ്കിൽ ആ വിവരവും, തുക കണക്കാക്കിയതെങ്ങനെയെന്നും,അടക്കേണ്ട സമയപരിധിയും അയാളെ അറിയിക്കണം.കൂടാതെ, ചുമത്തിയ തുക പുന:പരിശോധിക്കാൻ, അപ്പീലധികാരിയോട് അപേക്ഷിക്കാൻ അയാൾക്ക് അവകാശമുണ്ടെന്നും, അപ്പീലധികാരിയുടെ വിലാസവും അയാളെ അറിയിക്കണം.ദാരിദ്ര്യരേഖക്കു താഴെയുള്ളവർ ഫീസ് നല്കേണ്ടതില്ല.സമയപരിധി കഴിഞ്ഞു നൽകുന്ന വിവരങ്ങൾക്കും ഫീസ് നല്കേണ്ടതില്ല.(ഫീസു നിശ്ചയിക്കുന്നത് അതാതു സർക്കാറുകളാണ്)
- അപേക്ഷ നിരസിക്കുകയാണെങ്കിൽ, അതിന്റെ കാരണവും, അപ്പീൽ നൽകാനുള്ള സമയപരിധിയും അപ്പീലധികാരിയുടെ വിലാസവും വിവരാർത്ഥിയെ അറിയിക്കണം.
- ഒരു മൂന്നാംകക്ഷിയുടെ വിവരങ്ങളാണെങ്കിൽ, അഞ്ചുദിവസത്തിനുള്ളിൽ അയാളോട് അഭിപ്രായം ആരായണം. മൂന്നാംകക്ഷി പത്തുദിവസത്തിനുള്ളിൽ അയാളുടെ അഭിപ്രായം അറിയിക്കണം. അപേക്ഷയിൽ തീരുമാനം എടുക്കുമ്പോൾ മൂന്നാംകക്ഷിയുടെ അഭിപ്രായം പരിഗണിക്കണം. എന്നാൽ, മൂന്നാംകക്ഷിയുടെ നിയമസംരക്ഷണമുള്ള കച്ചവട - വാണിജ്യരഹസ്യങ്ങളൊഴിച്ച്, പൊതുതാത്പര്യങ്ങൾ അയാളുടെ സംരക്ഷിതതാത്പര്യങ്ങളൽക്കതീതമായിവരുന്ന വിവരങ്ങൾ വെളിപ്പെടുത്താം.അപ്രകാരം വിവരങ്ങൾ വെളിപ്പെടുത്തുമ്പോൾ, അക്കാര്യം അയാളെ അറിയിക്കുകയും അപ്പീൽ നൽകാൻ അവസരം നൽകുകയും വേണം.എന്നാൽ വിവരം വെളിപ്പെടുത്തുന്ന കാര്യത്തിൽ വിവരാധികാരി 40 ദിവസത്തിനുള്ളിൽ തീരുമാനം എടുക്കണം.
വിവരം ലഭ്യമാക്കുന്നതിനുള്ള ഫീസ് കേരളത്തിൽ
- അപേക്ഷാഫീസ് - 10 രൂപ
- ഒരു സാധാരണ പേജിന് (എ 4 സൈസ്)- 2 രൂപ
- വലിയ പേജുകൾ - യഥാർത്ഥ ചെലവ്
- വിവരം പരിശോധന - ആദ്യത്തെ ഒരു മണിക്കൂർ സൗജന്യം
- തുടർന്നുള്ള ഓരോ അര മണിക്കൂറിനും - 10 രൂപ വീതം
- ഫ്ലോപ്പിയിലോ സിഡിയിലോ (ഒരെണ്ണത്തിന്) - 50 രൂപ
(ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരിൽ നിന്നും ഫീസ് ഈടാക്കുന്നതല്ല)
Courtesy : Wikipedia
Courtesy : Wikipedia
No comments:
Post a Comment